മനുഷ്യാനുരണനം (human resonance)

അഗ്നിപർവതങ്ങളുടെ താഴ്‌വരയിൽ താമസിച്ചിരുന്ന സത്വങ്ങൾ ഗോതമ്പു പാടങ്ങൾ എന്തെന്നറിയാത്ത മനുഷ്യരുടെ അടുത്തേക്ക് നടന്നു.
ബുദ്ധിയില്ലാത്ത മേഘങ്ങളെ സൃഷ്ടിച്ചു നിർവികാരമായ മഴപെയ്യിക്കാൻ പഠിച്ച മനുഷ്യർ.

ഒരു പിഞ്ചുകുഞ്ഞായിരുന്നു ആദ്യം ആ സത്വങ്ങളെ കണ്ടത്. നിഷ്കളങ്കതയുടെ ആ കരച്ചിലിൽ തിരിഞ്ഞു നോക്കിയവരിൽ മനുഷ്യർ മുഴുവനുമുണ്ട്.

പ്രപഞ്ചത്തിന്റെ താരാട്ടിനടിമപ്പെടാത്ത മനുഷ്യരുടെ ചെവികൾ അവർ ക്രൂരമായി പറിച്ചെടുത്തു,

കൂട്ടമായി അവർ പേടിച്ചു നിന്നു.
വസന്തങ്ങൾ ഇതുവരെ കാണാത്തവരുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു.

അവരും മറ്റൊരു കൂട്ടമായ് നിലകൊണ്ടു.
സ്വന്തം ശരീരത്തിലെ വികാരങ്ങളുടെ കേന്ദ്രസ്ഥാനമറിയാത്തവരുടെ ഹൃദയങ്ങളിൽ നിന്നു രക്തം കുടിക്കാൻ കുറച്ചു സത്വങ്ങൾ. ആ മനുഷ്യരും പേടിച്ചു കൂടി.

നിശ്ചിത അളവിൽ കാഴ്ച്ചയും കേൾവിയും വികാരങ്ങളും ഭൂമിയിൽ സൃഷ്ടിക്കുന്ന അനുരണനം മനുഷ്യരെ പോലെ ഈ പ്രപഞ്ചത്തെ പോലെ പ്രതിസമതയുള്ള മനോഹരമായ ഊർജ്ജമുള്ള അലങ്കാരമാണ്.
ഒരു മഞ്ഞുപാളിയിലെ ഒളിഞ്ഞിരിക്കുന്ന ചിത്രഘടനയുടെ സൂക്ഷ്മത മനുഷ്യാനുരണനങ്ങൾക്ക് സമാനം.

എന്നാൽ  ഈ സത്വങ്ങളെ  ആര് സൃഷ്ടിച്ചു.
മനുഷ്യപിറവിയോളം പഴക്കമുള്ള ഒരു ചോദ്യം.

കാഴ്ചയും കേൾവിയും ഹൃദയവും പുരോഗമിക്കാത്തത്കൊണ്ടാവാം രുചിയില്ലാതെ ഭക്ഷിച്ചു മൃതസഞ്ജീവിനി കണ്ടുപിടിക്കാൻ ശ്രമിക്കുന്നത്.അതിനിടയിൽ എവിടെയോ ഭയമെന്ന സത്വം വളർന്നു.

സൃഷ്ടിക്കപെടുന്നതെന്തും രാത്രിക്കു നക്ഷത്രമെന്നോണം അലങ്കാരമാവണം.
ഭയത്താൽ കൂട്ടം കൂടിയ മനുഷ്യരുടെ വികൃതമായ അനുരണനമാവരുത്.

ബോൺസായ് മരവും വേശ്യയും

കൊത്തുപണികളുള്ള , വിവിധ നിറമുള്ള പരന്ന പാത്രങ്ങൾ, മൺപാത്രങ്ങൾ..ബോൺസായ് മരങ്ങൾ.മരതകം പതിച്ച ആഭരണങ്ങൾ പോലെ ചെറു നാരകങ്ങൾ നിറയെ കായ്ച്ചു നിന്നു. ഓറഞ്ച് മരങ്ങൾ ഒരായിരം സൂര്യന്റെ വെളിച്ചത്തോടെയും. പൂമരങ്ങളും തണൽ മരങ്ങളും വേറെ. എന്റെ കണ്ണുകളെ വിസ്‌മയിപ്പിച്ചു കൊണ്ടിരുന്നു ആ കൊച്ചു എക്സിബിഷൻ സ്റ്റാൾ.

പെട്ടെന്നാണ് അവളെ ഞാൻ കണ്ടത്.
വികാരങ്ങളുടെ നിശ്ചിത അളവുകോലിൽ ശരീരങ്ങളുടെ ചൂട് പരസ്പരം പകരുമ്പോൾ മനുഷ്യർക്ക്‌ രസതന്ത്രങ്ങളിൽ അത്ഭുതം സൃഷ്ടിക്കാൻ കഴിയും എന്നെനിക്കു മനസ്സിലായത് അവളിൽ നിന്നാണ്.അന്നവളുടെ തലയിൽ ചൂടിയ മുല്ലപ്പൂക്കൾക്കും  തളർന്നു തുടങ്ങിയ ശരീരത്തിലെ വിയർപ്പിനും ഒരേ ഗന്ധമാണെന്നു തോന്നി.നിസ്സഹായത കുതിർന്ന മറ്റൊരു രാത്രി മാത്രമായിരുന്നു അതവൾക്കു.
എന്റെ കൈകളിൽ നിന്നും നോട്ടുകൾ വാങ്ങി എണ്ണി നോക്കി.അന്നായിരുന്നു ഒരു ‘വേശ്യ’യെ ഞാൻ ആദ്യം കണ്ടത്.മനസ്സിനെ സംതൃപ്തിയിലെത്തിക്കാൻ ശരീരത്തിന് കഴിയില്ലെന്ന തിരിച്ചറിവായിരുന്നു അത്.പല തെറ്റുകളും  മനുഷ്യൻ ആരംഭിക്കുന്നത്  മനസ്സിന്റെ തലത്തിലേക്ക് ശരീരത്തെ കൂടി നിർബന്ധപൂർവ്വം  ഉൾക്കൊള്ളിക്കാൻ ശ്രമിക്കുമ്പോഴാണ്.

അവൾ ആ ബോൺസായ് ചെടികൾക്കിടയിലൂടെ എങ്ങോ പോയ്‌ മറഞ്ഞു.
ചുറ്റും പലനിറങ്ങളിൽ റോസാ ചെടികളും സുഗന്ധമില്ലാതെ വിടർന്നു നിന്ന പൂക്കളും കാണാം.

ആകാശത്തിന് കീഴെ പച്ച കുടകളായ്… മാറേണ്ടവയെല്ലാം മുരടിച്ചു. ക
മ്പികൾ കൊണ്ട് ശിഖരങ്ങളെയെല്ലാം  സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചു ചുറ്റിയെടുത്തു അവ മനോഹരമാണെന്നാവർത്തിച്ചു കൊണ്ടേയിരുന്നു അയാൾ.വര്ഷങ്ങളോളം അയാൾ ആ മരങ്ങളെ മനോഹരമായി വേദനിപ്പിച്ചു കൊണ്ടേ ഇരുന്നു.

എന്റെ ആയുസ്സ് കുറഞ്ഞ ആഗ്രഹങ്ങളുടെ കമ്പികൾ കൊണ്ട് ചുറ്റി വരിയുമ്പോൾ  വേദനിപ്പിക്കുകായാണെന്ന്  ‘വേശ്യ ‘ എന്ന് സമൂഹം നൽകിയ പേരുള്ള ആ സ്ത്രീയും അറിഞ്ഞിരുന്നില്ല.ബോൺസായ് മരങ്ങൾ  നിറയെ പൂക്കളും കായ്കളും നിറഞ്ഞു. സൗന്ദര്യം അതിന്ടെ തീവ്രതയിൽ അവളിലും നൃത്തമാടി.

ഭൂമിയിലെ ഏത് തൊഴിലിനും അന്തസ്സുണ്ടെന്നു പറഞ്ഞ അവളുടെ ഹൃദയത്തിൽ ഒരു മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് ഞാനും വരഞ്ഞു ഒരു നേർത്ത വര.
എത്രെയോ വസന്തങ്ങൾ പിന്നിട്ടിരിക്കുന്നു.
അവളുടെ ഹൃദയം ചോര കിനിയാൻ ബാക്കിയില്ലാതെ മരിച്ചു കൊണ്ടിരിക്കുകയാണ്.തലയിൽ മുല്ലപ്പൂക്കൾ ഇപ്പോഴുമുണ്ട്.അവൾ അതിന്ടെ ഗന്ധം വെറുത്തിട്ടുണ്ടാവും. അത് തീർച്ചയാണ്.
നിസ്സഹായതയെ എങ്ങനെ ആസ്വദിക്കാമെന്നു ഒരു പേരാലിൻമരത്തിന്ടെ ബോൺസായ് മരത്തിൽ ചൂണ്ടി കൊണ്ട് അതിനെ വിറ്റു പോവാൻ വേണ്ടി അയാൾ വർണ്ണിച്ചു കൊണ്ടേയിരുന്നു.

പടു വൃദ്ധയായ ആ പേരാലിൻ മരം എപ്പോഴും സുന്ദരിയായി ചമഞ്ഞു നിന്നു.
മോഹ വില നൽകിയപ്പോൾ വിൽപ്പനക്കാരൻ സന്തുഷ്ടവാനായി.
ആ മരത്തിനെ ഞാൻ തൊടിയിലെ തേൻ കിനിയുന്ന മാവുകൾക്കും ജാതി മരങ്ങൾക്കും കുരുമുളക് പടർന്ന കഴുങ്ങുകൾക്കും കൂട്ടായി ഭൂമിയുടെ ഗർഭപാത്രത്തിൽ വീണ്ടും നിക്ഷേപിച്ചു.
വളരട്ടെ ആകാശത്തോളം.
പാവം..ആ പേരാലിൻ മരത്തിനു
ഭൂമിയിലെ പടുകൂറ്റൻ മരങ്ങളെല്ലാം അപരിചിതരായിരുന്നു .ഭൂമിയുടെ പ്രണയ കാവ്യങ്ങൾ രചിച്ചതത്രയും മരങ്ങളിൽ രാപാർത്ഥ കിളികളാണെന്നവൾക്കറിവില്ലായിരുന്നു.

സമയത്തിനെ മാത്രം നമുക്ക് അനുസരിപ്പിക്കാൻ കഴിയാത്തതു കൊണ്ട് എന്റെ ശരീരത്തിന് തേയ്മാനം കൂടി കൊണ്ടേയിരുന്നു.
ഒരിക്കൽ മാത്രമേ എനിക്ക് അതിനു വെള്ളമൊഴിക്കാൻ കഴിഞ്ഞുള്ളു.കാലത്തിന്റെ ശകാരമായ വേനലിനെ അവൾക്കു അതിജീവിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ…