നിയന്ത്രണ രേഖ

ദൂരെ നിന്ന് കണ്ടപ്പോഴുള്ള ഭംഗിയൊന്നും ആ കടൽ വാക്കിലെ പായൽ പിടിച്ച കല്ലുകൾക്കില്ല . മരതകം പോലെ തിളങ്ങുന്ന കല്ലുകളായിരുന്നല്ലോ …
ചളിയും വഴുവഴുപ്പും ഒക്കെ കൂടി അറപ്പും വെറുപ്പും തോന്നുന്നു .ഞാൻ പതിയെ നടന്നു . തീരത്തു ഓടിക്കളിക്കുന്ന ചെടികൾ . വയലറ്റ് പൂക്കൾ .അവർക്കും ഒരു നിയന്ത്രണരേഖ ആരോ ചിട്ടപ്പെടുത്തിയിട്ടുണ്ട് . അപകടമേഖല അവർക്കും അറിയാം. ജീവനുള്ള. എന്തിനും തിരിച്ചറിയാൻ കഴിയുന്ന നിയന്ത്രണരേഖകൾ നിറമില്ലാത്തവയാണ്. ഞാൻ വീണ്ടും എനിക്ക് ചുറ്റും കണ്ണുകൾ കൊണ്ട് പരതി.ആരുമില്ല. എന്തത്ഭുതം !
മണൽ തരികളോട് കിടപിടിച്ചു ആളുകൾ നിറയുന്ന ഈ കടലോരത്തു ആരുമില്ല. ഞാൻ നേരെ നടന്നു . തിരകൾ എന്നിലൂടെ ഒഴുകി.വേദനിച്ചില്ല.പേടിയും തോന്നിയില്ല.അവിടവിടെയായി മുറിപ്പാടുകൾ പേറിയൊരാകാശം അനുകമ്പയും വേദനയും തോന്നി. എന്നാൽ പിന്നെ സൂര്യൻ ഒളിക്കുന്ന ആ താവളം സന്ദർശിച്ചാലോ….കടലിലൂടെ നടന്നു. ചുവന്ന പ്രകാശം!
ആ രശ്മികൾ കടലിലെ പ്രഭാതത്തെയാണോ വരവേൽക്കാൻ പോകുന്നത്. ഇതൊക്കെ എനിക്ക് എല്ലാവരേയും അറിയിക്കണം. പകലുകളിൽ മാത്രം ജീവിക്കാൻ മനുഷ്യന് ഭാവിയിൽ സാധിക്കുമായിരിക്കും.എന്റെ കണ്ടെത്തലുകൾ ഞാൻ ആരോടാണ് ആദ്യം പറയുക…?
തിരികെ ഈ രഹസ്യങ്ങളും പേറി വന്ന ഞാൻ ഈ ബദാം മരത്തിനു താഴെ അങ്ങനെ ഇരുന്നു . പഴുത്ത ഇലകളുടെ മഴ! വീണ്ടും എത്രയോ പകലുകൾ മിന്നി മറഞ്ഞു .മനുഷ്യരില്ല ….സമയം മതിഭ്രമിച്ചു . ഞാൻ എന്നെ കുറിച്ചും മറന്നു.ഒരറ്റത്ത് നിന്ന് തുടങ്ങിയ യാത്ര വീണ്ടും എന്നെ ഇവിടെ എത്തിച്ചു.

ഞാൻ മാത്രം!ജീവനുള്ള ഒന്നും തന്നെ ഇല്ല ….ആ ബദാം മരം പോലും.

സൂര്യന് പോലും വെളിച്ചം മങ്ങി . നിലാവും പോയി ..കടലും വറ്റി.

ഇന്ന് ഒന്നും ഇല്ല ..ഞനൊഴികെ..

നിറമില്ലാത്ത മറ്റൊരു നിയന്ത്രണ രേഖ !